Saturday 20 July 2013

സ്പർശം



ഇടവപ്പാതിമഴ  തകർത്ത് പെയ്യുന്ന ഒരു വെളുപ്പാങ്കാലത്താണ് അയാളെ തേടി ആ ഫോണ്‍വിളി എത്തിയത്.

അതിനും മുൻപേ അയാൾ ഉണർന്നിരുന്നു. ജനാലയ്ക്കാപ്പുറം മഴത്തുള്ളികൾ ചരൽ വാരിയെറിഞ്ഞതുപോലെ പെയ്യുന്ന സംഗീതം അയാൾ ആസ്വദിച്ചു കിടക്കുകയായിരുന്നു. അരിച്ചു കയറുന്ന തണുപ്പിനെ തടയാൻ പുതപ്പിനകത്തേക്ക് ചുരുണ്ടു കയറുമ്പോൾ ഒരു രോമാഞ്ചത്തിന്റെ അകമ്പടിയോടെ ദേഹം വിറയ്ക്കും..അതൊരു സുഖമാണ്..
അയാൾ ഭാര്യയെ മുറുകെ പ്പുണർന്നു കിടക്കുകയായിരുന്നു. അവൾ മഴയറിയാതെ ഗാഢനിദ്രയിലും.

എന്തിനാണ് ഉണർന്നത്എന്നയാൾക്ക് ഓർമയുണ്ടായിരുന്നില്ല. അലോസരപ്പെടുത്തുന്നതെന്തോ അയാളെ നിദ്രയിൽ നിന്ന് മഴത്തുള്ളിയുടെ കിലുക്കത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ഉണർന്നപ്പോൾ അറിയാത്ത ഒരു വിഷാദം അയാളുടെ മനസ്സിനെ മൂടിക്കിടന്നിരുന്നു. ഭാര്യയുടെ സാമീപ്യത്തിൽ, മഴതുള്ളികളുടെ ആരവത്തിൽ ക്രമേണ അത് അലിഞ്ഞില്ലാതായി.

ഫോണിന്റെ സംഗീതം അയാളെ ചെറുതായി ഒന്ന് ഞെട്ടിച്ചു. ഈ കൊച്ചു വെളുപ്പാങ്കാലത്തു ആരാ ഫോണ്‍ വിളിക്കാൻ?
ഭാര്യ ഉണരുന്നതിനു മുൻപ്  അയാൾ മൊബൈൽ ഫോണ്‍ കൈയ്യെത്തി എടുത്തു.

മഴയുടെ ആരവത്തിൽ ഒരു ഗുഹയിലെന്നപോലെ അയാളെത്തേടി ആ സ്വരം ഒഴുകിയെത്തി.
"സുധീ, നീ ഉണർന്നോടാ..."
മൂവാറ്റുപുഴയിൽ നിന്നും രമചേച്ചിയാണ്. അമ്മാവന്റെ മകൾ.
പകുതി ഈർഷ്യയിൽ അയാൾ പറഞ്ഞു.
"ഇല്ല..ഇപ്പോഴും ഉറക്കത്തിലാണ്. ഉണരുമ്പോൾ വിളിച്ചാൽ മതി"
സാധാരണയുണ്ടാകാറുള്ള ഉരുളക്കുപ്പേരി ഉണ്ടായില്ല.
" എടാ, സുധീ . എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട്..എന്റെ കൂടെ സ്കൂളിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ട്. ചിത്രടീച്ചർ..അവരുടെ കുട്ടിക്ക് സുഖമില്ല..."

രമച്ചേച്ചിയുടെ ശബ്ദം ഒരുനിമിഷം നിലച്ചു.
മഴയുടെ ഇരമ്പൽ ശബ്ദം മാത്രം.
പിന്നെയും രമച്ചേച്ചിയുടെ ശബ്ദം ഓടിയെത്തി..
"ആ കുട്ടിക്ക് ബ്ലഡ്ക്യാൻസറാണ്..ഇന്നലെയാണറിഞ്ഞത്..ടീച്ചറും ഭർത്താവും അതിനേം കൊണ്ട് ആർ സീ സിയിലേക്ക് വരുന്നുണ്ട്..അവർക്ക് ആരെയും പരിചയമില്ല. നീ മാലുവിനോടു പറഞ്ഞ് വേണ്ട സഹായം ചെയ്തു കൊടുക്കണം..എന്റെ അടുത്ത കൂട്ടുകാരിയാ.."

അയാൾ ചരിഞ്ഞു കിടന്നുറങ്ങുന്ന ഭാര്യയെ പാളിനോക്കി. അവൾ മെഡിക്കൽ കോളേജിലെ ഡോക്ടർ ആണെന്നറിയാവുന്ന ബന്ധുക്കൾ ഇത്തരം ആവശ്യങ്ങളുമായി എത്താറുണ്ട്..സ്വന്തം ജോലിക്കിടയിൽ അതിനുവേണ്ടി ഓടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി അവൾ പരിഭവം പറയാറുമുണ്ട്.നമ്മുടെ അടുത്ത ബന്ധുക്കൾക്ക് വേണ്ടി ഓടി നടക്കാം. പക്ഷെ അകന്ന ബന്ധുക്കൾക്കും അവരുടെ കൂട്ടുകാർക്കും വേണ്ടി അങ്ങനെ നടക്കാൻ പ്രയാസമാണേട്ടാ.എനിക്ക് എന്റേതായ ജോലിയില്ലേ? ചെയ്തുകൊടുത്തില്ലെങ്കിലോ ആജന്മ ശത്രുക്കളുമാകും..

രമേച്ചിയുടെ ഇടറിയ ശബ്ദം വീണ്ടും.
"..നിക്ക് സഹിക്കണില്ല സുധീ..ഏഴു വയസ്സുള്ള പെങ്കുട്ടി..ന്റെ മോളേപ്പോലാ അവളെനിക്ക്..."
എന്ത് പറയണമെന്നറിയാതെ അയാൾ കുഴങ്ങി.
"നോക്കാം രമേച്ചി..ഇവിടെ നല്ല ഡോക്ടറന്മാർ ഇല്ലേ?"
"അവർ രാത്രി തന്നെ പുറപ്പെട്ടിട്ടുണ്ട്..ഒന്പതുമണി കഴീമ്പം ആർ സീ സിയിലെത്തുമായിരിക്കും..മാളു ഒന്ന് സഹായിക്കാൻ പറയൂ..ഒരു കൊച്ചുകുട്ടീടെ ജീവനല്ലേ..മാളുവിന്റെ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്.."

രാവിലെ മാലതി ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ മടിച്ചുമടിച്ച് വിഷയമവതരിപ്പിച്ചു.
"എന്താ സുധിയെട്ടായിത്..എനിക്കിന്ന് നൂറുകൂട്ടം പണിയുള്ളതാ..എപ്പോ ഞാൻ ആർ സീ സിയിൽ പോകാനാ..രമച്ചേച്ചിക്കിത് പറഞ്ഞിട്ടവിടെ ഇര്ന്നാൽ മതി..."
അയാൾ ഒന്നും മിണ്ടാതെ നില്ക്കുന്നത് കണ്ടപ്പോൾ അവൾ തണുത്തു..
"ഞാൻ നോക്കട്ടെ..അവർ വന്നാൽ വിളിക്കുമല്ലോ..അപ്പൊ നോക്കാം.."

ഓഫീസിലെത്തുമ്പോൾ പതിവുപോലെ വൈകിയിരുന്നു. വൈകിട്ടത്തെ സംഘടനായോഗത്തെപ്പറ്റി സംസാരിക്കാൻ ഭാരവാഹികളുമെത്തി. ശമ്പളപരിഷ്കരണമാണ് സജീവ ചർച്ചാവിഷയം. ഒരു നട കൊണ്ടൊന്നും കാര്യം തീരുന്ന ലക്ഷണമില്ല.ഒരു പണിമുടക്ക് തന്നെയാണ് സംഘടന മുൻപിൽ കാണുന്നത്.
"വൈകിട്ട് പാർടി ഓഫീസ്ൽ എത്തണം.കണാരേട്ടൻ ഉണ്ടാവും. ഇതൊരു പ്രക്ഷോഭണസമരത്തിൽ എത്തിക്കണമെന്നാണ് പാർടി തീരുമാനം."
സെക്രട്ടറി അജയന്റെ വിശദീകരണം.
അത്യാവശ്യഫയലുകൾ നോക്കിത്തീർന്നപ്പോൾ തന്നെ മണി അഞ്ചായി. ഒരു ദിവസം തീർക്കാവുന്ന പരിദേവനങ്ങൾക്കും ഒരു കണക്കു വേണ്ടേ..മാന്യമായ ശമ്പളവുമില്ല.

ഓഫീസിൽ നിന്നിറങ്ങി പാർടിഓഫീസിലേക്ക് അജയനുമൊത്ത് നടക്കുമ്പോൾ രമേച്ചിയുടെ ഫോണെത്തി..
"സുധീ, ചിത്രടീച്ചറിനെ കണ്ടിരുന്നോ നീ..?"
ഒരു നിമിഷം അയാൾ പകച്ചുനിന്നു..ഏതു ചിത്രടീച്ചർ?
"ആർ സീ സിയിലെ ഡോക്ടറന്മാർ എന്ത് പറഞ്ഞു? മാളു എന്തെങ്കിലും പറഞ്ഞോ? വിളിച്ചിട്ട് ആരെയും കിട്ടണുമില്ല, എനിക്കാണെ ഇരിക്കപ്പൊറുതീമില്ല.."
രാവിലത്തെ ഫോണ്‍ കാൾ അയാളിലേക്ക് ഓടിവന്നു. പെട്ടെന്നൊരു ദേഷ്യവും. എനിക്കിതു മാത്രമാ പണി..?
ആകാശം നിറയുന്ന കാർമേഘങ്ങൾ നോക്കി അയാൾ പറഞ്ഞു.
'ഇല്ല രമച്ചേയീ, ഞാൻ ഓഫീസിലെ തിരക്കിൽ അതുവിട്ടു പോയി. മാളുവിനെ വിളിച്ചിട്ട് ഞാൻ രമച്ചേയിയെ വിളിക്കാം.ഇപ്പൊ ഞാനൊരു മീറ്റിങ്ങിലാണ്.."
ഒട്ടൊരു കുറ്റബോധത്തോടെ അയാൾ ഫോണ്‍ കട്ടുചെയ്തു.
രമേച്ചി അത്രയും സീരിയസ്സായി പറഞ്ഞ കാര്യം മറന്നല്ലോ..!!

പാർടി ഓഫീസിൽ എത്തുമ്പോൾ കണാരേട്ടൻ കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ കമ്മറ്റി കൂടി മാരത്തോണ്‍ ചർച്ചതുടങ്ങി. വരാൻ പോകുന്ന പ്രക്ഷോഭസമരങ്ങളിൽ പാർട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കണാരേട്ടൻ വിശദീകരിച്ചു. പിന്നെ അതിന്മേൽ വാദപ്രതിവാദങ്ങൾ..

വീട്ടിലെത്തുമ്പോൾ മണി പത്തര. മാളുവിന്റെ ദേഷ്യം മനസ്സിലോർത്തു. സംഘടനാപ്രവർത്തനം കഴിഞ്ഞ് താമസിച്ചെത്തുമ്പോൾ ചെറിയ ഒരു പിണക്കം ഉള്ളതാണ്.
പ്രതീക്ഷിച്ചതുപോലെ നിശ്ശബ്ദത കൊണ്ടു തന്നെയാണ് പ്രതിക്ഷേധം.
കുനിഞ്ഞിരുന്നു ചോറുണ്ണുമ്പോൾ ചാട്ടുളി പോലെ ചോദ്യം വന്നു.
"രമേച്ചിയെ വിളിച്ചിരുന്നോ?"
കഴിക്കാൻ എടുത്ത ഉരുള കയ്യിൽ വച്ച് അയാൾ ഒരുനിമിഷം ഇരുന്നു.
"ഇല്ലാന്നറിയാം..ഉത്തരവാദിത്വം എല്ലാം എന്റെ തലയിൽ വച്ചിട്ട് ഏട്ടൻ മുങ്ങി.."
"രമേച്ചി നിന്നെ വിളിച്ചിരുന്നോ? " അയാൾ മുഖമുയർത്തി.
"ങ്ഹും..വൈകിട്ട്. വിളിക്കാമെന്ന് പറഞ്ഞിട്ട് ഏട്ടൻ വിളിച്ചില്ലാത്രേ. "
അതിനു മറുപടി പറയാതെ അയാൾ ചോദിച്ചു.
"ആ കുട്ടിക്കെങ്ങനെയുണ്ട്..?"
ഒരു നിമിഷം ഒന്നും പറയാതെ ഇരുന്നിട്ട് അവൾ പറഞ്ഞു..
"പാവം..കൊച്ചുകുട്ടി.. ആറോ ഏഴോ വയസ്സുണ്ടാവും..അക്യൂട്ട് സ്റ്റെജാ..വല്യ രക്ഷയുണ്ടെന്ന്തോന്നണില്ലേട്ടാ.. ആ ടീച്ചറിന്റെ ഇരുപ്പു കണ്ടാൽ സഹിക്കൂല. രമേച്ചിയോടു ഞാൻ പറഞ്ഞില്ല.. നോക്കുന്നുണ്ട് എന്നുമാത്രം പറഞ്ഞു.. സുധേട്ടൻ നാളെ അവിടെവരെപ്പോയി ആ ടീച്ചറിനേയും ഭർത്താവിനെയും കാണണം..രമേച്ചി പറഞ്ഞതല്ലേ.."

ഉറങ്ങാൻ കിടക്കുമ്പോഴും എന്തോ ഒരു അസ്വസ്ഥത അയാളെ വിടാതെ പിടികൂടിയിരുന്നു.

അടുത്ത ദിവസവും പതിവുപോലെ കടന്നു പോയി.ഫയലുകൾ, മീറ്റിങ്ങുകൾ.. പൊതുവെ ഒരു ടെൻഷൻ ഓഫീസിൽ നിറഞ്ഞുനില്ക്കുകയാണ്.
സമരം. ഡയസ്നോണ്‍..
വൈകിട്ട് സംഘടനാ ഓഫിസിലേക്കു നടക്കുമ്പോൾ മാളുവിന്റെ ഫോണ്‍ വന്നു.
"സുധേട്ടാ, ആ കുട്ടിക്ക് അല്പം സീരിയസ് ആണ്. ഐ സി യുവിലാണ്.. സുധേട്ടൻ അവിടെ വരെ പോകണം. അവിടെ ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമേയുള്ളൂ..അവരാകെ വെപ്രാളത്തിലാണ്..."
അയാൾ സമ്മതിച്ചു.
വേഗം സംഘടനാ ഓഫിസിലെത്തി കണാരേട്ടനോടു കാര്യം പറഞ്ഞു.
"സുധിയിപ്പോൾ പോയാലെങ്ങനെയാ. പ്രധാനപ്പെട്ട ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്. ഒരു കാര്യം ചെയ്യൂ. അര മണിക്കൂർ കഴിഞ്ഞു പോകാം. "

അരമണിക്കൂർ നീണ്ട് ഒരുമണിക്കൂറായി.
ഏഴുമണിക്ക് രമേച്ചിയുടെ ഫോണെത്തി.
"സുധീ എന്തായെടാ.. ആ കുട്ടിക്ക് അസുഖം കൂടുതലാണെന്ന് മാളു പറഞ്ഞു..നീയവിടെപ്പോയോ?.."
ഒരു കുറ്റബോധം അയാളെ പിടികൂടി.
"ഞാനങ്ങോട്ടു പോകുവാ രമേച്ചി..ചെന്നാലുടനെ വിളിക്കാം.."

ഐസീയുവിന്റെ മുൻപിലെത്തുമ്പോൾ മാളു അവിടെയുണ്ടായിരുന്നു. ശാസനാ രൂപത്തിൽ അവൾ അയാളെ നോക്കി.
ഒട്ടൊരു കുറ്റബോധത്തിൽ അയാൾ അവൾക്കരികിലെത്തി.

"സുധേട്ടാ, ഇതാണ് ചിത്ര ടീച്ചർ..ഇത് ഭർത്താവ്.."
ചിത്ര ടീച്ചർ അയാളുടെ മുഖത്തേക്ക് നോക്കി. രക്തമയമില്ലാത്ത ആ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ അയാൾ ശ്രമിച്ചു. അവരുടെ കണ്ണുകൾ ചുവന്നുവീർത്തിരിക്കുകയാണ്. പാറിപ്പറന്നു കിടക്കുന്ന മുടി.
ഭർത്താവ് അവരെ താങ്ങിപ്പിടിച്ചിട്ടുണ്ട്.

മാളു അയാളെ കണ്ണുകാണിച്ചു. ഐസീയുവിന്റെ അപ്പുറത്തെ ഇടനാഴിയിലേക്ക്‌ കൊണ്ടുപോയി.
"വളരെ സീരിയസ്സാ സുധേട്ടാ..ഉച്ചക്ക് ഞാൻ വരുമ്പോൾ ടീച്ചറുടെ തോളിൽ വാടിതളർന്നു കിടക്കുകയായിരുന്നു. പാവം കുട്ടി..ഉച്ച കഴിഞ്ഞ് ബോധമില്ലാതായി..അപ്പോൾ തന്നെ ഐസീയുവിലാക്കി..മാത്യു ഡോക്ടർ പറഞ്ഞത് വലിയ ഹോപ്പൊന്നും വേണ്ടാന്നാണ്..ഞാനെങ്ങനെ അവരോടു പറയും..?"
അവളുടെ കണ്ണുകൾ നനയുന്നത് നോക്കി എന്തുചെയ്യണമെന്നറിയാതെ അയാൾ നിന്നു.

ഐസീയുവിൽ കുറച്ചു സമയം കൂടി നിന്ന ശേഷം അയാൾ മാളുവിനെയും കൂട്ടി മടങ്ങി. രാവിലെ തന്നെ എത്താമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും ചിത്രടീച്ചറിന്റെ ഭർത്താവിനോട് അയാൾ പറഞ്ഞു.

വെളുപ്പാങ്കാലത്ത് മഴയുടെ ഇരമ്പലിനോടോപ്പം രമേച്ചിയുടെ ഫോണ്‍ അയാളെ തേടിയെത്തി.ആദ്യം കുറച്ചു നേരം അനക്കമൊന്നുമില്ലായിരുന്നു. പിന്നെ ചേച്ചിയുടെ ഇടറിയ സ്വരമെത്തി..
"സുധീ, ആ കുട്ടി പോയെടാ.."
ഫോണ്‍ കയ്യിൽ പിടിച്ചു ഒരു നിമിഷം അയാൾ സ്തംഭിച്ചിരുന്നു. ഫോണിലൂടെ കടന്നു വന്ന വിതുമ്പൽ ശ്രവിച്ചുകൊണ്ട്..
"നീ അവിടെ വരെ പോകണം..അവർക്ക് ആ കുട്ടിയെ നാട്ടിലെത്തിക്കണം.. ടീച്ചറിന്റെ ഭർത്താവിന് ഒന്നുമറിഞ്ഞു കൂടാ.. നീ പോയി ഒരു ആംബുലൻസ് എർപ്പാടാക്കണം.."
എല്ലാം ചെയ്യാമെന്ന് പറഞ്ഞ് രമേച്ചിയെ അയാൾ ആശ്വസിപ്പിച്ചു. ഫോണ്‍ വച്ചു.
മാളുവിനെ ഉണർത്തി കാര്യം പറഞ്ഞു.
പ്രതീക്ഷിച്ചിരുന്നതുകൊണ്ടാകാം അവൾ ഒന്നും മിണ്ടാതെ കിടക്കയിൽ അയാളോട് ചേർന്നിരുന്നു..

ഐസീയുവിന്റെ മുൻപിലെത്തുമ്പോൾ ചിത്രടീച്ചറിനെയും ഭർത്താവിനെയും അയാൾ കണ്ടു. കരഞ്ഞു തളർന്നു നിർവികാരയായി ഇരിക്കുന്ന ടീച്ചറിന്റെ മുൻപിൽ സ്ട്രെച്ചറിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ രൂപം. അയാൾ അവർക്കരികിൽ എത്തിയപ്പോൾ ചിത്രടീച്ചറിന്റെ ഭർത്താവ്  അയാളുടെ കൈകളിൽ മുറുകെപ്പിടിച്ചു..

വെളുത്ത തുണിയിൽ പൊതിഞ്ഞ ആ രൂപം കണ്ട് അയാൾ ഒരു നിമിഷം തരിച്ചു നിന്നു.
മുഖം മുതൽ കാൽ വരെ പൊതിഞ്ഞ് ഒരു ചെറിയ രൂപം.
ഈ കുട്ടിയുടെ മുഖം ഞാൻ ഇതുവരെ കണ്ടില്ലല്ലോ..!
സങ്കൽപ്പങ്ങളിലൂടെ ഊറിവരുന്ന ഏതു മുഖമാണ് ഈ വെള്ള മൂടാപ്പിനുള്ളിൽ മറഞ്ഞുകിടക്കുന്ന ഈ രൂപത്തിൽ ഞാൻ ആലേഖനം ചെയ്യേണ്ടത്.. !!ഒരിക്കൽപോലും ഈ കുട്ടിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ..
വേദനയും പുഞ്ചിരിയും നിറഞ്ഞ ജീവനുള്ള ഒരു മുഖം..
ഇനി എൻറെ ഓർമകളുടെ കോണുകളിൽ ഏതു മുഖമുപയോഗിച്ച് ഞാനിവളെ കാണും?
ഒരു കുറ്റബോധത്തിന്റെ അലകൾ അയാളെ വന്നു മൂടാൻ തുടങ്ങി.
സ്ട്രെച്ചറിന്റെ തണുത്ത പിടിയിൽ കൈ അമർത്തി അയാൾ തളർന്നു നിന്നു.

ആംബുലൻസിലേക്ക് ആ വെളുത്ത തുണിക്കെട്ട് കയറ്റുമ്പോഴും അയാൾ ഒരു മരവിപ്പിലായിരുന്നു. ചിത്രടീച്ചറിനോടും ഭർത്താവിനോടും ഒന്നും പറയാനാവാതെ അയാൾ നിന്നു.
ആംബുലൻസിന്റെ പിന്നിലെ വാതിലുകൾ അടയുമ്പോൾ ചിത്രടീച്ചറിന്റെ ഭർത്താവ് അയാളെ നോക്കി പതിയെ തലയാട്ടി.
ആംബുലൻസ് കണ്ണിൽ നിന്നും മറയും വരെ അയാൾ അതേപോലെ അവിടെ നിന്നു.

വീട്ടിലെത്തുമ്പോൾ എട്ടരമണി.
സ്കൂളിൽ പോകാൻ യൂണിഫൊമിട്ട് പുറകിൽ ബാഗും തൂക്കി ഒന്നിടവിട്ട് പടികൾ ചാടിയിറങ്ങി അയാളുടെ എട്ടുവയസ്സുകാരൻ മകൻ സ്റ്റയെർകേസിറങ്ങി വന്നു.
താഴത്തെ പടിയിലെത്തി അവൻ അയാളോട് ചോദിച്ചു.
"അച്ഛനെവിടെപ്പോയിരുന്നൂ..? അക്കുട്ടിക്കെന്താ പറ്റീത്.?"

എന്തോ ഒരു ഭാരം അയാളെ ഒരു സ്തംഭനാവസ്ഥയിലെത്തിച്ചു.
അതിൽ നിന്നൂർന്നു മാറി അയാൾ അവനരികിലെത്തി, അവനെ തന്റെ ദേഹത്തേക്ക് അമർത്തിപ്പിടിച്ചു.
അവൻ അമ്പരന്നു ചോദിച്ചു.
"എന്താച്ച്ഛാ..!! "
തൊണ്ടക്കുഴിയിൽ നിന്നും കണ്‍കോണുകളിലേക്ക് ഒഴുകിയെത്തിയ ഭാരം മൂടിപ്പോതിയവെ മകന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് അയാൾ പിറുപിറുത്തു..
"മോനറീല്ല..മോനറീല്ല..!"

---------------------------------------------------------------------------------------------------------
(ഒരു അനുഭവകഥ. ആവിഷ്കാരത്തിന്റെ സ്വാതന്ത്ര്യം മാത്രമെടുക്കുന്നു..)
---------------------------------------------------------------------------------------------------------

Wednesday 3 July 2013

ദൃഷ്ടി ദോഷം



വളരെനേരമായി തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് ആ ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കലശലായ ദേഷ്യം വന്നു.
വായിനോക്കിക്ക് വേറെ പണിയൊന്നുമില്ലെ? രാവിലെ ഇറങ്ങിക്കോളും..!!
വീണ്ടും അവൾ ദേഷ്യം അടക്കി അകലേയ്ക്ക് നോക്കിനിന്നു..ബസ്സും വരുന്നില്ലല്ലോ ഈശ്വരാ..!

വീണ്ടും ഒന്ന് പാളി നോക്കിയപ്പോൾ അയാൾ അതേയിരുപ്പാണ്. ഒരു ഭാവഭേദവുമില്ലാതെ, അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്..
തിരതള്ളി വന്ന ദേഷ്യത്തിൽ അവൾ അയാളുടെ അടുക്കലേക്ക് നടന്നുചെന്ന് ഉറക്കെ ചോദിച്ചു.
" കുറെ നേരമായല്ലോ താനെന്നെ തുറിച്ചു നോക്കിയിരിക്കുന്നു !!. തനിക്ക് വേറെ പണിയൊന്നുമില്ലേ? അതോ താൻ പെമ്പിള്ളാരെ ഇതിനു മുന്പ് കണ്ടിട്ടേയില്ലേ? "

മറ്റുള്ളവർ അയാളെ കുറ്റപ്പെടുത്തും മട്ടിൽ തിരിഞ്ഞു നോക്കി.

പക്ഷെ ഒരു ഭാവഭേദവുമില്ലാതെ അയാൾ സൌമ്യമായി പറഞ്ഞു.
"ഞാൻ നിങ്ങളേത്തന്നെ നോക്കിയിരിക്കുകയാണെന്ന് എങ്ങനെ കണ്ടു? അപ്പോൾ നിങ്ങളും എന്നെ നോക്കിയിരിക്കുകയായിരുന്നോ? "

ഒരു നിമിഷം ദേഷ്യക്കനലുകളിൽ തണുത്ത വെള്ളം വീണതുപോലെ അവൾ തരിച്ചു നിന്നു. ശരിയല്ലേ അയാള് പറഞ്ഞത്..!!

തൊട്ടു പുറകെ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ പുഞ്ചിരി തൂകിപ്പറഞ്ഞു.
"നോക്കൂ, എനിക്ക് കാഴ്ചശക്തി ഇല്ല.."