Saturday 1 February 2014

ജീവിതങ്ങൾ പറഞ്ഞു തന്നത് - വാർദ്ധക്യം




ജീവിതചക്രം 

"അപ്പൂപ്പൻ കുട്ടിയാ? "
"ന്നാരു പറഞ്ഞു? "
"അച്ഛമ്പറഞ്ഞു..അപ്പൂപ്പൻ വയസ്സായി വരുന്തോറും കുട്ടിക്കളി കൂടുകാണെന്ന്.."
"ഓഹോ, അവനങ്ങനെ പറഞ്ഞോ?"
"പറഞ്ഞു..അതെങ്ങന്യാ അപ്പൂപ്പൻ  കുട്ടിയാവണെ ?"
"അതോ.., അപ്പൂപ്പൻ പറയാല്ലോ.. ശ്രദ്ധിച്ച് കേക്കണം.. അപ്പൂപ്പൻ ഈ ഭൂമീല് ജനിച്ച് മലന്നുകിടന്നു കൈയും കാലുമിട്ടടിച്ച് കിടക്കപ്പായേൽ അപ്പീമിട്ട് മൂത്രോമൊഴിച്ച് .."
"അയ്യേ, ഞാനുമങ്ങനാരുന്നൊ..!?"
"പിന്നല്ലാതെ, നീ കേക്ക്..അങ്ങിനെയൊക്കെ കിടന്നു, പിന്നെ കമഴ്ന്നു വീണു, മുട്ടുകാലേ പൊങ്ങി മുട്ടിലിഴഞ്ഞു പിന്നെ പിടിച്ചെഴുന്നേറ്റു പിച്ച പിച്ച നടന്ന്, ഓടി നടന്ന് അങ്ങിനെയങ്ങ് വലുതായി.."
"ന്നുട്ട് ?"
"ന്നിട്ടെന്താ? ഒരു കല്ലെടുത്ത്‌ മേലോട്ടിട്ടാ അതെവിടെപ്പോം?"
"താഴോട്ടു വരും.."
"ങ്ഹാ..അതുപോലെ അപ്പൂപ്പന്റെയൊക്കെ പ്രായമാകുമ്പോൾ അപ്പൂപ്പനും തിരികെപ്പോകും. ആദ്യം ഓട്ടമൊക്കെ നിർത്തും . പിന്നെ പിച്ച പിച്ച നടക്കും. പിന്നെ പിടിച്ചു പിടിച്ചു നടന്ന് മുട്ടിലിഴഞ്ഞ് കട്ടിലിൽ വീഴും. കൈകാലുകൾ മാത്രം ഇളക്കി ചുമ്മാ കരഞ്ഞ് .. പിന്നെ കിടക്കപ്പായിൽ തന്നെ അപ്പീമിടും മൂത്രോം ഒഴിക്കും. പിന്നെപ്പിന്നെ..."
"പിന്നെപ്പിന്നെ..?"
"പിന്നെ ഒരു ദിവസം ജീവിതത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക്  മടങ്ങി ഒന്നുമറിയാതെ സുഖമായി ചുരുണ്ട് കൂടി ഒരു ഉറക്കം.. മനസ്സിലായോടാ വഴക്കാളി..!!?"
"ഇല്ല.."
"ങ്ഹും..നിനക്ക് മനസ്സിലാകണേൽ അപ്പൂപ്പന്റെയത്ത്രേം ആകണം. നിന്റെ അച്ഛന്റെയത്ത്രേം ആയാ പോരാ.. ഇപ്പൊ നീയും  ഞാനും ഒരു പ്രായക്കാരാ,, അപ്പൊ, നമുക്ക് രണ്ടുപേർക്കും കുട്ടിക്കളിയാകാം.. ന്താ?..  നിന്റച്ഛൻ   പോവാമ്പറ..!"
"ങ്ഹാ.. പോവാമ്പറ..!!"


റിമോട്ട് ജീവിതം 

"എടീ ടീവീടെ റിമോട്ടെവിടെ?"
"ഞാങ്കണ്ടില്ല.."
"നീ കള്ളം പറേര്ത്.."
"നിങ്ങക്കെന്തിനാ ഇപ്പൊ റിമോട്ട്?"
"നിക്ക് ഏഴിന്റെ ന്യൂസ്‌ കേക്കണം.."
"പിന്നേ , നിങ്ങള് ന്യൂസിപ്പോ കേട്ടില്ലേൽ ലോകം മുമ്പോട്ട് പോവില്ലല്ലോ?"
"നിന്റെയീ  ഒടുക്കത്തെ സീരിയല് പ്രേമം കൊണ്ട് മനുഷനു ടീവീല് ഒരു വക കാണണ്ട,,!"
"ഞാൻ സീരിയല് കാണുന്നതിനു നിങ്ങക്കെന്താ..ന്റെ മോൻ എനിക്ക് സീരിയല് കാണാനാ ഈ ടീവി മേടിച്ചു തന്നേ .."
"എടീ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നു.. അതൊന്നും നിനക്കറിയെണ്ടേ? എപ്പോഴും സീരിയല് കണ്ടിരുന്നാ  മതിയോ?"
"എനിക്കിപ്പോ ഒന്നും അറിയണ്ടാ. ഈ വയസ്സാംകാലത്ത് ലോകത്തിനി എന്ത് സംഭവിച്ചാലും എനിക്കെന്താ?"
" ആറുമണിക്ക് തുടങ്ങുന്നതാ അവടെ ഒടുക്കത്തെ സീരിയൽ. പതിനഞ്ചു ചാനലും കൂടി പത്തു മുപ്പത്തഞ്ചെണ്ണം.. പതിനൊന്നു മണിയായാലും തീരൂല.."
"കണക്കായിപോയി.."
"--------"
"---------"
"---------"
"നിങ്ങള് പിണങ്ങിയോ?'
"---------"
"ഇന്നാ  റിമോട്ട്.. സീരിയല്  ഞാൻ നാളെ പകല് കണ്ടോളാം.."
"വേണ്ട, നീ കണ്ടോ, ഞാൻ പതിനൊന്നരേടെ ന്യൂസ്‌ കണ്ടോളാം"



കാത്തിരിപ്പ്‌ 

"നീ അവനോടു പറഞ്ഞോ?"
"എന്തോന്ന്?"
"അമ്മൂനെ ഇങ്ങോട്ട് കൊണ്ട് വരുന്ന കാര്യം?  "
"ഞാമ്പറഞ്ഞില്ല..നിങ്ങക്ക് പറഞ്ഞൂടെ?  നിങ്ങടേം  കൂടെ മോനല്ലേ?"
"ഞാമ്പറഞ്ഞാ അവനൊന്നും മിണ്ടൂലാ. ചുമ്മാ മൂളും. അമ്മൂനെ ഒട്ടു കൊണ്ട് വരുകേം ഇല്ല..ആകെയൊള്ളൊരു കൊച്ചുമോളാ..അവളെ കാണണമെന്നു നിനക്കുമില്ലേ?"
"അവൾക്ക് ഒരുപാട്  പഠിക്കാനുണ്ടന്നല്ലേ അവൻ പറേന്നെ.. എന്ട്രന്സും ടൂഷനും..ആ കുട്ടീനെ കഷ്ടപ്പെടുത്തുവാ.."
"എന്നാലും  നീ ചോദിച്ചാ  അവൻ മറുപടീ തരുവല്ലോ..കൊണ്ടുവാരാന്നോ, പറ്റില്ലാന്നോ എന്തെങ്കിലും.. വെറുതെ കാത്തിരിക്കണ്ടാല്ലോ.."
"ഞാമ്പറഞ്ഞാലും അവൻ തിരക്കാണ്ന്ന്  പറേകേള്ളൂ.."
"എന്നാലും പിന്നെ കാത്തിരിക്കണ്ടാല്ലോ. ഒന്നും മിണ്ടാതെ പോകുമ്പോ, അടുത്ത പ്രാവശ്യം അവൻ വരുമ്പോ, അമ്മൂനെ കൊണ്ടുവരുമെന്ന് ഞാങ്കരുതും.."


മനസ്സിലെ ചിത 

" അല്ലാ, ഇതാരാ, കൊച്ചാട്ടനോ..!!?"
" - - - - - "
"വന്നാട്ടെ, വന്നാട്ടെ.."
" - - - - - "
"ഇരുന്നാട്ടെ, ഇരുന്നാട്ടെ.. ദേ ഇവിടില്ലേ, മൂത്തളിയൻ  വന്നത് കണ്ടില്ലേ?"
" - - - - - "
"ഗോമതിക്കും പിള്ളെർക്കും സുഖമാണോ?"
" - - - - - "
"കുടിക്കാൻ ചായ എടുക്കട്ടെ,.."
" - - - - - "
"ഞാൻ ഇപ്പൊ വരാട്ടോ..ചായ എടുക്കട്ടെ. പോകല്ലേ..!! "
" - - - - - "

തെക്കെപ്പുറത്ത് അപ്പോഴും പുകയുന്ന ചിതയിൽ ഉറ്റുനോക്കി മകൻ പറഞ്ഞു.
" മാമാ, അമ്മ ഇപ്പൊ  ഇങ്ങനെയാ.. അച്ഛൻ പോയതിനു ശേഷം
 അമ്മ എന്താ പറേന്നെ, എന്താ ചെയ്യുന്നേ ഒന്നും പറയാൻ കഴീല.."




Thursday 2 January 2014

നേർച്ചപ്പായസം

കോപ്പി- ഗൂഗിള്‍ ചേട്ടന്‍ 

നേർച്ചപ്പായസം  


"നിനക്കറിയാൻ പാടില്ലാത്തത് കൊണ്ടാണ്. കുറുമ്പാശ്ശേരി അമ്മ വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ല. ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചാൽ അമ്മ വിളിപ്പുറത്തു വരും."

അവധിദിനം.
മുറ്റത്ത്‌ പോക്ക് വെയിൽ നാളങ്ങൾ മണലിൽ  ചെഞ്ചായം പുരട്ടുന്നു. നിഴലുകൾ കിഴക്കോട്ടു നീങ്ങുന്നു. സൂര്യൻ പടിഞ്ഞാറ്  അസ്തമിക്കാൻ പോകുമ്പോൾ നിഴലുകൾ എന്നും കിഴക്കോട്ടു നീങ്ങും. ഇരുൾ അവിടെനിന്നല്ലേ പുറപ്പെട്ടു വരുന്നത്.

പൂമുഖത്തെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു. സുഖദമായ ഒരു തണുത്ത കാറ്റ് എവിടെനിന്നോ ഒഴുകിയെത്തി. എവിടെയോ മഴ പെയ്യുന്നുണ്ട്.

അച്ഛൻ കിടന്നിരുന്ന ചാരുകസേരയാണ്.
അന്നും അമ്മ ഇതുപോലെ കാൽച്ചുവട്ടിൽ കൽത്തൂണും  ചാരി ഇരിക്കും. നിർത്താതെ കഥകൾ പറഞ്ഞു കൊണ്ടിരിക്കും. അച്ഛൻ ഒന്നും  മിണ്ടാതെ അത് കേട്ട് തലകുലുക്കി ഇരിക്കും. ചിലപ്പോൾ ഇടക്ക് പൊട്ടിച്ചിരിക്കും. താനും ചേച്ചിയും ആ ചിരി കേട്ട് ഉമ്മറത്ത് എങ്ങാനും വന്നാൽ അമ്മ ശകാരിക്കും.    "പോയിരുന്നു വല്ലതും പഠിക്ക് പിള്ളാരെ.  കഥ കേൾക്കാൻ വന്നിരിക്കുന്നു."

അച്ഛൻ ഒരു കടുത്ത പാർടി വിശ്വാസി ആയിരുന്നു. പാർടിയിൽ അറിയപ്പെടുന്ന ഒരു തലമുതിർന്ന നേതാവും. എങ്കിലും അവസാന കാലത്ത് അച്ഛൻ പാർടിയുമായി വഴി പിരിഞ്ഞു. നേതാക്കളുമായി വഴി പിരിഞ്ഞു എന്ന് പറയുന്നതാകും കൂടുതൽ  ശരി . മരിക്കുന്നതു  വരെയും അച്ഛനു പാർടിപ്രമാണങ്ങളിൽ കടുത്ത വിശ്വാസം തന്നെയായിരുന്നു.

പാർടി വിശ്വാസത്തിന്‍റെ ഭാഗമായി തന്നെ അച്ഛൻ തികഞ്ഞ ഒരു നിരീശ്വര വാദിയായിരുന്നു. അമ്മയാകട്ടെ ഒരു തികഞ്ഞ അമ്പലവിശ്വാസിയും. എങ്കിലും അച്ഛൻ ഒരിക്കൽ പോലും അമ്മയുടെ കടുത്ത ഈശ്വരവിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല. അമ്മയാകട്ടെ അച്ഛന്‍റെ  നിരീശ്വരവാദത്തിനെതിരെ നിരന്തര സമരവും നടത്തിയിരുന്നു.

അമ്മയുടെ കുടുംബക്ഷേത്രമായിരുന്നു കുറുമ്പാശ്ശേരി ക്ഷേത്രം. ചെറുപ്പത്തിൽ ഒരുപാടു പ്രാവശ്യം അമ്മ ചേച്ചിയെയും തന്നെയും ആ ക്ഷേത്രത്തിൽ കൊണ്ടുപോയിട്ടുണ്ട്. പേരറിയാത്ത ഒരുപാടു നേർച്ചകൾ അമ്മ തങ്ങൾക്കായി നേർന്നിട്ടുമുണ്ട്. നേർച്ച ഏതായാലും പായസം കിട്ടിയാൽ മതി എന്ന തന്‍റെ  മറുപടി കേട്ട് ഒരിക്കൽ അച്ഛൻ വീടിന്‍റെ  മോന്തായം കുലുക്കിക്കൊണ്ട്  പൊട്ടിച്ചിരിച്ചത്  ഇപ്പോഴും ഓർക്കുന്നു. ചന്ദനം നെറ്റിയിൽ തൊടാൻ വിസമ്മതിക്കുമെങ്കിലും നേർച്ചപ്പായസം അച്ഛൻ രുചിയോടെ കഴിക്കും. അമ്മയുടെ വിമർശനാത്മകഈശ്വരവാദം അച്ഛന്‍റെ പായസം കുടിയുടെ മുകളിൽ  ഉയരുമ്പോൾ  അച്ഛൻ ചിരിച്ചു കൊണ്ടു പറയും, പായസം വെറും മധുരാത്മകഭൗതിവാദം മാത്രമെന്ന്. വളർന്നു വലുതായപ്പോൾ അച്ഛന്‍റെ മോൻ എന്ന അമ്മയുടെ വിമർശനം എറ്റു  വാങ്ങിക്കൊണ്ട് താനും ഒരു നിരീശ്വരവാദിയായി മാറി. നേർച്ചപ്പായസം കുടിക്കുന്ന മറ്റൊരു നിരീശ്വര വാദി.ചേച്ചിയാകട്ടെ അമ്മയ്ക്കൊപ്പം ചേർന്ന് കുറുമ്പാശ്ശേരി ഭഗവതിയുടെ കടുത്ത വിശ്വാസിയുമായി മാറി.

ഒരു ജോലി തരപ്പെടുമെന്ന അവസരം വന്നപ്പോൾ അച്ഛനോട് പറയാൻ അമ്മ പറഞ്ഞു. പാർടി ഭരിക്കുന്ന കാലമല്ലേ. അച്ഛനോടൊപ്പം പാർടി വളർത്തിയവർ  മന്ത്രിമാരായി വാഴുകയാണ്. അച്ഛൻ ഒന്ന് പറഞ്ഞാൽ ജോലി ഉറപ്പ്.
പക്ഷെ അച്ഛൻ വിസമ്മതിച്ചു. നിനക്ക് ആ ജോലി കിട്ടാൻ അർഹതയുണ്ടെങ്കിൽ അത് കിട്ടുക തന്നെ ചെയ്യും. അർഹത ഇല്ലാത്തിടത്താണ് ശുപാർശകൾക്ക് സ്ഥാനം എന്നായിരുന്നു അച്ഛന്‍റെ  വാദം.
അന്നാണ് അമ്മയുടെ ദേഷ്യം മുഴുവനായും കണ്ടത്. പക്ഷെ അച്ഛൻ ശാന്തനായി അമ്മയുടെ ദേഷ്യത്തെ എതിരിട്ടു. അമ്മയുടെ കണ്ണീരിലും പതറാതെ അച്ഛൻ ഉറച്ചു നിന്നപ്പോൾ ഒട്ടും വിഷമം തോന്നിയില്ല. അച്ഛന്‍റെ ആദർശശുദ്ധിയൊക്കെ പാർടിയുടെ   അധികാരഇടനാഴികളിൽ കൈമോശം വന്നതാണെന്ന നല്ല ബോധ്യം ഉണ്ടായിരുന്നിട്ടും തർക്കിക്കാൻ നിന്നില്ല.
വാക്കുതർക്കത്തിനോടുക്കം അമ്മ ജോലി കിട്ടാൻ വേണ്ടി  കുറുമ്പാശ്ശേരി  ഭഗവതിക്ക് ഒരു  നേർച്ച  നേർന്നപ്പോൾ അച്ഛനോടൊപ്പം താനും  ഉറക്കെ ചിരിച്ചു. പിന്നെ അമ്മയുടെ കോപവും വ്യസനവും മായിക്കാൻ  അമ്മയെ ചുറ്റിപ്പിടിച്ച് കവിളുകളിൽ ഉമ്മ വയ്ച്ചു.

റാങ്ക് ലിസ്റ്റിൽ ഉയർന്ന സ്ഥാനം ഉണ്ടായിരുന്നത് കൊണ്ടോ കുറുമ്പാശ്ശേരി ഭഗവതിക്ക് അമ്മയെ ഭയമായിരുന്നതുകൊണ്ടോ തനിക്ക്  ആ ജോലി ലഭിച്ചു. ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ അമ്മ അച്ഛന്‍റെ മുൻപിൽ വന്നുനിന്ന് പറഞ്ഞു,
" കണ്ടോ, നിങ്ങളെന്‍റെ കുറുമ്പാശ്ശേരി അമ്മയുടെ ശക്തി. ഞാൻ വിളിച്ചാൽ അമ്മ എന്‍റെ വിളിപ്പുറത്തെത്തും. നിങ്ങൾ നിങ്ങളുടെ ഉണക്കപാർട്ടിയും കെട്ടിപ്പിടിച്ചു മിണ്ടാണ്ടിരുന്നോ."
 അച്ഛൻ ഒന്നും മിണ്ടാതെ ,തന്നെ  കണ്ണിറുക്കി കാണിച്ച് ചിരിച്ച്  ചാരുകസേരയിൽ അമർന്നിരുന്നു.

ക്രമേണ പാർടിപ്രവർത്തനത്തിൽ ഇറങ്ങിത്തുടങ്ങുകയും അസമയങ്ങളിൽ വീട്ടില്‍ കയറി വരുകയും ചെയ്തപ്പോൾ അമ്മ പിറുപിറുത്തു.
"അതെങ്ങനെയാ, അച്ഛന്‍റെ  മോനല്ലേ. അമ്പലോമില്ല, ഭഗവതീമില്ല. പാർടി  മാത്രം മതി. ഈ ജോലിയൊക്കെ എങ്ങനെ ഉണ്ടായെന്നു കരുതിക്കോണം. വെറുതെ ദേവീകോപം ഉണ്ടാക്കരുത്..!!"
അച്ഛൻ ഒരു അഭിപ്രായവും പറഞ്ഞില്ല.

ചേച്ചി കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു പോയെങ്കിലും താൻ താലിയണിയിച്ചു ദേവികയെ കൂട്ടിക്കൊണ്ടുവന്നതോടെ അമ്മയ്ക്ക് മറ്റൊരു അമ്പലവിശ്വാസിയെ കൂട്ടുകിട്ടി.

പെട്ടൊന്നൊരു  ദിനം അച്ഛൻ കിടന്നിരുന്ന ചാരുകസേര ശൂന്യമായി.
പക്ഷെ അമ്മ എന്നിട്ടും വൈകുന്നേരങ്ങളിൽ അതിനു ചുവട്ടിൽ കൽത്തുണും ചാരിയിരുന്നു. കഥകൾ എല്ലാം വറ്റി വരണ്ട് മൌനം പൂണ്ട് അമ്മയുടെയും ചാരുകസേരയുടെയും ചുറ്റും കറങ്ങി നടന്നു. ഇടക്കിടെ അമ്മ ചാരുകസേരയുടെ ശീലയിൽ ഉറ്റു നോക്കി ഇരിക്കും. ഒരിക്കൽ ദേവിക അത്‌ കഴുകാം എന്ന് പറഞ്ഞപ്പോൾ അമ്മ വിസമ്മതിച്ചു. മുഷിഞ്ഞ ശീലയിൽ നിന്നും അച്ഛന്‍റെ  മണം ഉരുകി ഉയർന്നു പരക്കുന്നുണ്ടായിരുന്നു. കാലത്തിനും മായിക്കാൻ കഴിയാത്ത പോലെ.
അത് പറഞ്ഞപ്പോൾ ദേവിക ചിരിച്ചു. മനുവേട്ടന് വെറുതെ തോന്നുന്നതാണ്. അതിനു ഒരു മണവും ഇല്ല.
ചിലപ്പോൾ ഇല്ലായിരിക്കും, അത് മനസ്സിൽ നിന്നും ഉയരുന്നതാവും. പക്ഷെ അത് അമ്മയുടെ മനസ്സിനെ തണുപ്പിക്കുന്നുണ്ട്.

ഒരു ദിവസം വൈകുന്നേരം വെറുതെ തോന്നി, അച്ഛന്‍റെ  കസേരയിൽ ഒന്നിരിക്കാൻ. ഒട്ടൊരു സംശയത്തോടെയും ഉൾത്തുടിപ്പോടെയും കസേരയിലേക്ക് ശരീരം അമർത്തി. പുറകോട്ടു ചാഞ്ഞ് ശീലയിൽ പുറമമർത്തി കിടന്നു. കണ്ണുകൾ  അടച്ചപ്പോൾ അച്ഛന്‍റെ  മണം  ചൂഴ്ന്ന്  ഉയർന്നു . വീണ്ടും കണ്ണ് തുറന്നപ്പോൾ കാൽക്കൽ അമ്മയിരിക്കുന്നത് ഒരു ഞെട്ടലോടെ  കണ്ടു.
അമ്മ പുറത്ത് വെയിൽ നാളങ്ങളെ നോക്കിയിരിക്കുകയായിരുന്നു. എന്ത് പറയണമെന്നറിയാതെ ഇരിക്കുമ്പോൾ അമ്മ സംസാരിച്ചു തുടങ്ങി. ഒന്നും സംഭവിക്കാത്തതുപോലെ.
പഴയതുപോലെ കഥകൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയപ്പോൾ മനസ്സിൽ എന്തെന്നറിയാത്ത ഒരു ശാന്തത പടർന്നു. അമ്മയുടെ കഥകൾക്കൊപ്പം മൂളിയും ഇടക്കിടെ ഉറക്കെ ചിരിച്ചും ആ കഥകൾ  കേട്ടിരുന്നു. ഇടക്കെപ്പോഴോ ദേവികയും  അവിടെ വന്നിരുന്നത് അറിഞ്ഞു.

പിന്നെ അതൊരു പതിവായി. വൈകുന്നേരങ്ങളിൽ ആ ചാരുകസേരയിൽ അമർന്നിരിക്കും. അത് കാത്തിരുന്നതുപോലെ മുറുക്കാൻ ചെല്ലവുമായി അമ്മയും കാൽച്ചുവട്ടിൽ വന്നിരിക്കും. കഥകൾ പൂമുഖത്ത് കൂടി ഒഴുകി നടന്നു. പല കഥകളും വീണ്ടും വീണ്ടും കേട്ടതാണല്ലോ എന്നും തിരിച്ചറിഞ്ഞു. അപ്പോൾ അച്ഛൻ പലപ്പോഴും ആവർത്തനവിരസത ഭാവിക്കാതെ ആ കഥകൾ വീണ്ടും വീണ്ടും കേട്ട് മൂളുകയും ഉറക്കെ ഉറക്കെ ചിരിക്കുകയുമായിരുന്നല്ലൊ എന്നോർത്തു അതിശയിച്ചു.
പക്ഷെ വീണ്ടും വീണ്ടും മടങ്ങി വരുന്ന ആ കഥകളോടു വിരസത ഭാവിക്കാനോ കുറഞ്ഞ പക്ഷം, കേട്ട കഥയാണല്ലോ അമ്മെ എന്ന്, വിലക്കാനോ ഒരിക്കലും  കഴിഞ്ഞിരുന്നില്ല. ആദ്യമായി കേൾക്കുന്ന ഭാവത്തിൽ തന്നെ ആ കഥകളോടൊപ്പം  തല കുലുക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു.
കേട്ട കഥകൾ തന്നെ നിങ്ങളെങ്ങനെ കേട്ടിരിക്കുന്നു എന്ന് ഇടക്കിടെ ദേവിക ചോദ്യമുയർത്തിയപ്പോൾ ഒരു വെറും ചിരിയിൽ മറുപടിയും ഒതുക്കി.

അമ്പലത്തിലെ ആവശ്യം എന്ന് പറഞ്ഞു പലപ്പോഴും അമ്മ പൈസ ആവശ്യപ്പെടുമെങ്കിലും കൊടുക്കാറില്ലായിരുന്നു. ഭഗവതിയെക്കാൾ പൈസയ്ക്ക് ആവശ്യം മനുഷ്യർക്കാണെന്നു പറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം വരും. എങ്കിലും നേർച്ചകൾ നേരുന്നതിൽ അമ്മ ഒരു കുറവും വരുത്തിയിരുന്നില്ല. മരുമകൾ പിൻവാതിൽ സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് കണ്ടില്ലെന്നു നടിച്ചു.

വളരെ ദൂരത്തേക്കു ഒരു സ്ഥലം മാറ്റം വരുന്നു എന്നറിഞ്ഞപ്പോൾ തളര്‍ന്നുപോയി. അമ്മയെയും ദേവികയെയും നാട്ടില്‍ തനിച്ചാക്കി പോകണമല്ലോ എന്നോർത്തപ്പോൾ ആധി അധികമായി.

എന്താണ് പോംവഴി എന്ന് ആലോചിച്ചു ചാരുകസേരയിൽ കിടക്കുമ്പോഴാണ് അമ്മ പരിഹാര നിർദേശം സമര്‍പ്പിച്ചത്.
"കുറുമ്പാശ്ശേരി  ഭഗവതിക്ക് ഒരു വിളക്ക് നേര്. നിന്‍റെ സ്ഥലം മാറ്റമൊക്കെ മാറിപ്പോകും."

ഒന്നും മറുപടി പറയാതെ ഇരുന്നപ്പോൾ അമ്മ വീണ്ടും നിര്‍ബന്ധിച്ചു.
"നിനക്കറിയാൻ പാടില്ലാത്തത് കൊണ്ടാണ്. കുറുമ്പാശ്ശേരി  അമ്മ വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ല. ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചാൽ അമ്മ വിളിപ്പുറത്തു വരും."

പോംവഴികൾ ആലോചിച്ചു വശം കേട്ടതുകൊണ്ടാകാം ദേഷ്യം പെട്ടെന്ന് ഇരച്ചു കയറുകയാണുണ്ടായത്.
"അതെ, കുറുമ്പാശ്ശേരി ഭഗവതിയല്ലേ സംസ്ഥാനം ഭരിക്കുന്നെ. ഒരു വിളക്ക് അങ്ങോട്ട്‌ കൊടുത്താൽ ഉടൻ സ്ഥലം മാറ്റം ക്യാൻസൽ ചെയ്തു ഇപ്പൊ ഓർഡർ ഇറക്കും"

അമ്മ നിശബ്ദയായിയിരുന്നു.

അടുത്ത ദിവസം തന്നെ സംഘടനാ ഭാരവാഹികളെയും നേതാക്കളെയും കണ്ടു കാര്യം പറഞ്ഞു. അവർ ശരിയാക്കാം എന്ന് ഉറപ്പു നല്‍കി.
നടന്നാൽ നടന്നു.

ദിവസങ്ങൾ  ഉത്കണ്ഠ  നിറച്ചു കൊണ്ട് കടന്നു പോയി.

അമ്മ ദേവികയെ സമീപിച്ചു വിളക്ക് പ്രശ്നം അവതരിപ്പിച്ചതായി അവൾ പറഞ്ഞു. ആയിരത്തഞ്ഞൂറു രൂപ വേണമത്രേ. മറുപടി ഒന്നും പറയാതിരുന്നു. മുഖഭാവം കണ്ടാകാം അവൾ അതിനെപ്പറ്റി പിന്നെയൊന്നും പറയുകയുണ്ടായില്ല.

ട്രാൻസ്ഫർ ഓർഡർ  ലിസ്റ്റ് ആയെന്നു അറിഞ്ഞപ്പോൾ സംഘടന സെക്രട്ടറിയെ വിളിച്ചു. സഖാവ് പേടിക്കണ്ടെന്നെ, എല്ലാം ശരിയാകും. നമ്മുടെ സംഘടന പറയുന്നതിനപ്പുറം  എന്ത് സ്ഥലം മാറ്റം? നേതാവ് സമാധാനിപ്പിച്ചു.

വൈകിട്ട് വീണ്ടും ഫോണ്‍ കാൾ വന്നു. സെക്രട്ടറിയാണ്. സ്ഥലംമാറ്റ ലിസ്റ്റ് ഇറങ്ങി. മനുവിന് സ്ഥലം മാറ്റം ഇല്ല. സംഘടന പറഞ്ഞാൽ  പിന്നെന്തു സ്ഥലം മാറ്റം?

മനസ്സിൽ ഒരു വലിയ ഭാരം ഒഴിഞ്ഞു  മാറി ഒരു തണുപ്പ് അനുഭവപ്പെട്ടു. ദേവികയോടു കാര്യം പറയുമ്പോൾ മനസ്സ്  ശാന്തമായ കടൽ പരപ്പ് പോലെയായിരുന്നു.

വാതിൽ  മറയത്തു അമ്മയുടെ മുഖം തെളിഞ്ഞു. ഒരു ചെറു പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു. ഇപ്രാവശ്യം സ്ഥലം മാറ്റമില്ല.
ഇതാണ് സംഘടനയുടെ ബലം എന്ന് പറയാൻ തുടങ്ങുന്നതിനു മുൻപേ അമ്മ പറഞ്ഞു,
"മനു, എനിക്കൊരു ആയിരത്തഞ്ഞൂറു രൂപ വേണം"

ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ നിന്നുപോയി .
രൂപ വിളക്ക് മേടിക്കാൻ തന്നെ എന്ന് ഉറപ്പാണ്.  ഒരു നിമിഷം പതറി നിന്ന ശേഷം പെഴ്സ് തുറന്നു ആയിരത്തി അഞ്ഞൂറ് രൂപ എടുത്തു അമ്മയ്ക്ക് നല്കി.

ദേവികയുടെ കണ്ണുകളിൽ നിറയുന്ന അവിശ്വാസത്തിന്‍റെ  നോട്ടത്തെ കണ്ടില്ലെന്നു നടിച്ച് അമ്മയുടെ മുഖത്തേക്ക് നോക്കി. അവിടെ ആയിരം സൂര്യതേജസ്‌ ഉദിച്ചുയരുകയാണ്. പെട്ടെന്നെന്തോ എവിടെ നിന്നോ തള്ളിക്കയറി വന്നപോലെ  അമ്മയ്ക്കരികെയെത്തി തോളിലൂടെ കൈകളിട്ട് അമ്മയുടെ കവിളിൽ ഉമ്മ വച്ചു.
"പോടാ പോങ്ങാ.." എന്ന് വിളിച്ചു കൊണ്ട് തള്ളി മാറ്റി അമ്മ ഒരു ചെറു ചിരിയോടെ അകത്തേയ്ക്ക് പോയി.

രാത്രി കിടക്കുമ്പോൾ ദേവികയുടെ  മുഖം കൈകളിൽ ഊന്നിയിറങ്ങി വന്നു. അവളുടെ കണ്ണുകളിൽ  ഒരു കുസൃതിയുടെ ലാഞ്ഛന ചാഞ്ചാടുന്നത്  നോക്കി കണ്ടു കിടന്നു.

"അപ്പൊ വല്യ നിരീശ്വരവാദി ദേവിക്ക് വിളക്ക് മേടിക്കാൻ കാശു കൊടുത്തു  അല്ലെ?"
ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി കിടന്നു. മറുപടി ഒരു ചിരിയിൽ ഒതുക്കി.
"അപ്പൊ നിങ്ങൾക്കും കുറുമ്പാശ്ശേരിയമ്മയെ വിശ്വാസമാണല്ലേ?  നിരീശ്വരവാദിയുടെ ഉള്ളിൽ  കള്ളനായ ഒരു ഭക്തൻ ഉണ്ടല്ലേ ..!!"
പിടി കൊടുക്കാതെ വീണ്ടും ചിരിച്ചു കൊണ്ടു കിടന്നു..
"നിങ്ങളുടെ സംഘടനക്കാരല്ലേ ഈ സ്ഥലം മാറ്റം ഇല്ലാതാക്കിയത്.പിന്നെന്തിനാ നിങ്ങൾ കുറുമ്പാശ്ശേരിയമ്മയ്ക്ക്  വിളക്ക് മേടിക്കാൻ പൈസ കൊടുത്തത്."
അവൾ വിടാൻ ഭാവമില്ലായിരുന്നു.
"സംഘടനക്കാരാ എല്ലാം ശരിയാക്കിയത്. പക്ഷെ അമ്മയെ എനിക്ക് വിശ്വാസമാ.."
"കുറുമ്പാശ്ശേരിയമ്മയെ? എടാ കള്ളഭക്താ..."
അച്ഛന്‍റെ  കണ്ണിറുക്കിയുള്ള ആ ചിരി മനസ്സിലേറ്റി  പറഞ്ഞു.
"കുറുമ്പാശ്ശേരിയമ്മയെ അല്ല, ഈ അമ്മയെ... അത് ഭക്തിയുമല്ല, സ്നേഹം മാത്രം.... ഇന്നേ വരെ അമ്മയുടെ ഒരു കാര്യത്തിനും അമ്മ നേർച്ച നേർന്നു ഞാൻ കണ്ടിട്ടില്ല. സ്നേഹത്തിന്‍റെ നേർച്ചയ്ക്ക് വിലയിടാൻ പറ്റില്ല, ദേവൂ... അത് നേര്‍ച്ചപായസത്തിന്റെ മധുരം കുറയ്ക്കും  എന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്."

കൈ തലയ്ക്കു താങ്ങി ദേവിക ഒരു നിമിഷം  കണ്ണുകളിൽ ഉറ്റുനോക്കിയിരുന്നു.
പിന്നെ നെഞ്ചിലേയ്ക്ക്  തല ചായ്ച്ചു അവൾ മന്ത്രിച്ചു.
"എനിക്ക് നിങ്ങളെ സ്നേഹിച്ചു കൊല്ലാൻ തോന്നുന്നു. "